സ്വാഗതം; വിജയമന്ത്രങ്ങളുടെ രഹസ്യലോകത്തിലേക്ക്



ജീവിതത്തില്‍ വിജയം കൈവരിക്കാനുള്ള ഒട്ടേറെ ആഗ്രഹങ്ങളുമായി കടന്നുവരുന്ന ചെറുപ്പക്കാരാണ് ഇതെഴുതുമ്പോള്‍ എന്റെ മനസ്സിലേക്ക് കടന്നുവരുന്നത്. ആധുനികതയുടെ ആശയക്കുത്തൊഴുക്കില്‍ പ്രാചീനമായതിനെയെല്ലാം കടപുഴക്കി എറിയാനുള്ള ത്വര നമുക്ക് എവിടെയും ദര്‍ശിക്കാം. മതാചാരങ്ങളും വിചാരങ്ങളുമെല്ലാം പാഴ്‌വസ്തുക്കളായി ചവറ്റുകുട്ടയിലേക്ക് എറിയാന്‍ വെമ്പിനില്‍ക്കുന്ന ബൃഹത്തായ ഒരു സമൂഹത്തെത്തന്നെ നമുക്ക് ചുറ്റും കാണാം. ജനസമൂഹം അനേകനൂറ്റാണ്ടുകളായി ഒഴുകിവരുമ്പോള്‍ അവരുടെ ദാര്‍ശനികലോകത്തില്‍നിന്ന് ഉയിര്‍കൊണ്ട അനേകശതം വിചാരധാരകള്‍ പാടേ അറുപഴഞ്ചനാണെന്ന് പറഞ്ഞ് തള്ളേണ്ടതാണോ? നമ്മുടെ പ്രാചീനഭാരതത്തിലെ നിരവധി ചിന്തകള്‍ ഇന്നും ലോകത്തിലെ വിഖ്യാതചിന്തകര്‍ മഹത്തരമെന്ന് എടുത്തുപറയുമ്പോഴും നമുക്ക് അവയെല്ലാം കാലാതിപാതം വന്ന പഴഞ്ചന്‍ ആശയങ്ങള്‍ മാത്രമാണ്.

വലിയ ശാസ്ത്രകണ്ടുപിടുത്തങ്ങളെയും അതിന്റെ ഭാരതീയസ്രോതസ്സുകളെയും കുറിച്ചുമൊന്നും പറയാനല്ല ഞാന്‍ ഈ ഗ്രന്ഥമെഴുതുന്നത്. മറിച്ച് സാധാരണ ഗ്രാമത്തില്‍ പിറന്ന് വായനയുടെ ബൃഹത്തായ ലോകത്തിലൂടെ കടന്നുപോയപ്പോള്‍ എനിക്ക് ഭാരതീയ സംസ്‌കൃതി സമ്മാനിച്ച അമൂല്യമായ ചിന്താരത്‌നങ്ങളെക്കുറിച്ച് പറയാനാണ്. അതുമല്ല, ആ ആശയങ്ങള്‍ എന്റെ പരിസരപ്രദേശങ്ങളിലുള്ളവര്‍ക്ക് എത്രമാത്രം പ്രയോജനപ്പെട്ടുവെന്ന് പറയാന്‍കൂടി വേണ്ടിയാണ്. വ്യക്തിജീവിതത്തില്‍ ഭാരതത്തിന്റെ അന്തരാത്മാവ് എന്നില്‍ പകര്‍ന്നു തന്ന ഉപാസനയുടെ ആത്മപ്രഭാവം അതുവരെ കണ്ടുവന്ന ലോകത്തിന് അപ്പുറത്തുള്ള മറ്റൊരു ചൈതന്യലോകത്തെ എനിക്ക് സമ്മാനിച്ചു. തലതിരിഞ്ഞ് എവിടെയോ നഷ്ടപ്പെട്ടുപോകാമായിരുന്ന ഒരു ജീവിതത്തെ ഉത്തമവും സ്വര്‍ഗതുല്യവുമാക്കിത്തന്ന ആ ചൈതന്യത്തിനു മുന്‍പില്‍ സ്വയം നഷ്ടപ്പെട്ടവനായിരിക്കാനേ എന്നും എനിക്ക് കഴിഞ്ഞിട്ടുള്ളൂ.

വേദമെന്ന വിസ്തൃതലോകത്തിലേക്ക് ഞാന്‍ കാലെടുത്തുവെച്ചപ്പോള്‍, അതിന്റെ മന്ത്രരാശിയില്‍ സ്വയം നഷ്ടപ്പെട്ടപ്പോള്‍ ഏതൊക്കെയോ സ്വര്‍ഗസുഖങ്ങള്‍ എനിക്ക് താങ്ങും തളിരുമായി. അത് വേറിട്ടൊരു കാഴ്ചപ്പാട് സമ്മാനിച്ചു. ജീവിതത്തിന് ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യത്തില്‍നിന്ന് അകലാതെ ജീവിതത്തെ കരുപ്പിടിപ്പിക്കണമെന്നുമുള്ള ചിന്ത എന്നില്‍ ഉല്‍ക്കടമായി വന്നു ചേര്‍ന്നു. ഈ ജീവിതവിജയം എനിക്ക് മാത്രം പോര, എന്റെ ചുറ്റുമുള്ള ഓരോരുത്തര്‍ക്കും ഉണ്ടാവണമെന്നുകൂടി ഞാന്‍ ആഗ്രഹിച്ചു. ആ ചിന്തയുടെ ബഹിസ്ഫുരണമായാണ് വേദപഠനം എന്ന ചിന്ത എന്നില്‍ വന്നുടക്കിയത്. വേദത്തിന്റെ വഴിയേ നടന്നപ്പോള്‍, ആ വേദമന്ത്രങ്ങളെ ആഭരണമാക്കിയപ്പോള്‍, അതിന്റെ അര്‍ഥതലങ്ങളെ ചിന്താഭാരമാക്കിയപ്പോള്‍ ഒരു സാധകനില്‍ അഥവാ ഒരു തപസ്വിയില്‍ എത്രമാത്രം അവ പരിവര്‍ത്തനം വരുത്തുന്നുവെന്ന് നേരിട്ട് അനുഭവിച്ചവനാണ് ഞാന്‍.

ഇന്ന് നമ്മുടെ യുവതലമുറയില്‍പ്പെട്ടവര്‍ക്ക് അന്യമായിപ്പോയ ഒരു ലോകമാണിത്. അവരുടെ യുക്തിയുടെ തീക്ഷ്ണതയില്‍ കരുവാളിച്ചുപോകാതെ ദാര്‍ശനികിരി   കൊളുത്തിവെക്കാന്‍ വേദങ്ങള്‍ക്ക് കഴിവുണ്ട്. അനേകവിധ പ്രതിസന്ധികളാല്‍ സ്വയം നഷ്ടപ്പെടുന്ന ഇന്നത്തെ തലമുറ ഒരിക്കലെങ്കിലും വേദപ്രപഞ്ചത്തിലേക്ക് കടന്നുവന്നാല്‍ അത് അവര്‍ക്ക് ഉത്തമമായ ഉന്മേഷത്തെ നല്‍കുമെന്നതിന് യാതൊരു സംശയവും വേണ്ട. ശില്പവിദ്യമുതല്‍ അധുനാധുനങ്ങളായ ശാസ്ത്രചിന്തകളെവരെ സഹര്‍ഷം സ്വാഗതം ചെയ്യുന്ന വേദങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തെ വിജയിപ്പിക്കുന്നതിനു നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എെല്ലാമാണ്‌? ഭാരതത്തിന്റെ ആധ്യാത്മികത എന്നാല്‍ ഭൗതികതയെ പാടേ തള്ളുന്നതാണെന്ന് പലരും കരുതുന്നു. എന്നാല്‍ അതിപ്രാചീനമായ വൈദികലോകത്തേക്ക് നാം കാലെടുത്തുവെച്ചാല്‍ ജീവിതവിജയത്തിനും ആത്മവിശ്വാസത്തിനും ഐശ്വര്യത്തിനും കുടുംബത്തിനും സമൂഹത്തിന്റെ അഭിവൃദ്ധിക്കും വേണ്ട അനേകശതം നിര്‍ദേശങ്ങളെ നമുക്ക് അവിടെ കാണാന്‍ കഴിയും...

ആചാര്യശ്രീ രാജേഷ് 

Comments