ശാസ്ത്രനിഷ്ഠമാണ് മന്ത്രപാഠം... വിശ്വാസം മാത്രമല്ല...




 ആചാര്യശ്രീയുടെ ഏറ്റവും പുതിയ  " വേദമുണ്ട്, ജീവിതവിജയം നേടാൻ" എന്ന  ഗ്രന്ഥത്തിന്റെ ഒന്നാമത്തെ അധ്യായം തന്ന വായനാനുഭവത്തിന്റെ വെളിച്ചത്തിൽ...
ശാസ്ത്രനിഷ്ഠമാണ് മന്ത്രപാഠം... വിശ്വാസം മാത്രമല്ല...
സനാതനമെന്ന ജീവന സംസ്കാര പദ്ധതിയുടെ സകല ആചാരവിചാര വിശ്വാസ ധാരകളും പിറവിയെടുത്തിരിക്കുന്നത് മൂലസ്രോതസ്സായ ചതുർ വേദങ്ങളിലെ മന്ത്രങ്ങളിൽ നിന്നാണ്.സ്തുതി, ഈശ്വര പ്രാർത്ഥന, ഉപാസന തുടങ്ങിയ നിത്യ കർമ്മങ്ങളിൽ ആദ്ധ്യാത്മിക പുരോഗതിയുടെ ഓരോ ഘട്ടങ്ങളിലും മന്ത്ര അർത്ഥ ദർശന സിദ്ധി കൈവരിച്ചു നാം ദേവതാ സ്വരൂപത്തെ ഉള്ളിൽ പ്രകാശിപ്പിക്കുന്നു.
നമ്മുടെ ഉള്ളിലെ ഗുണഗണങ്ങളെ പ്രോജ്വലിപ്പിക്കുവാൻ കഴിവുള്ള
വിവിധ ഉപാസന പദ്ധതികൾ വേദമന്ത്രത്തിൽ നിന്ന് കടഞ്ഞെടുത്ത് അമൃത കുഭ സമാനം ആചാര്യശ്രീ നമുക്കായി സമർപ്പിച്ചിരിക്കുന്നു .

ആ അമൃത കലശത്തിന്റെ പേരാണ് ..." വേദമുണ്ട് ,ജീവിത വിജയം നേടാൻ"...
ഉപാസനാ മൂർത്തിയുടെ അഥവാ ദേവതയുടെ സ്വരൂപമെന്നാൽ അതു പ്രകാശിപ്പിക്കുന്ന വിഷയം എന്നാണ്  ആർഷ മതം .  ഒരു ദേവത പ്രകാശിപ്പിക്കുന്ന അല്ലെങ്കിൽ പ്രതിനിധാനം ചെയ്യുന്ന ഗുണം നിത്യോപാസനയിലൂടെ ഉപാസകനിലും വന്നു ചേരുന്നു എന്ന് ഋഷിമാർ സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ ഉള്ള ഓരോ മന്ത്രവും നിത്യ ജീവിത മേഖലകളിൽ പ്രയോജനപ്പെടുത്തുവാൻ ആചാര്യശ്രീ സ്വാനുഭവത്തിന്റെ വെളിച്ചത്തിൽ ഉപസനായിലൂടെയും തപസ്സിലൂടെയും ആർജിച്ച ജ്ഞാനത്തിന്റെ പ്രകാശനമാണ് ഈ വിശിഷ്ട ഗ്രന്ഥം.
ദീർഘനാളത്തെ സ്വാധ്യായത്തിലൂടെ പ്രാചീനതമമായ വൈദിക ദർശനങ്ങളെ സ്വജീവിതത്തിൽ അനുശീലിച്ച  വ്യക്തി എന്ന നിലയിൽ ആചാര്യശ്രീ കാലഘട്ടത്തിന്റെ അവശ്യത്തിലേക്ക് കരുതിവെച്ച അക്ഷരക്കൂട്ടുകൾ ചേർത്തു ഒരുക്കിയ വേദരസമാണ് ഈ പുസ്തകം .
ഒരുസാധാരണ നാട്ടുംപുറത്തുകാരന്റെ വായനാ ധാരാളിത്തം ആരും അധികം കൈകടത്താത്ത മേഖലകളിലേക്ക് ഗവേഷണബുദ്ധ്യാ സമീപിച്ചതിന്റെ ഫലമായാണ് നമ്മുടെ   പൂർവികരായ ഋഷിമാർ നമുക്കു തന്ന വ്യക്തിവികാസത്തിന്റെ രഹസ്യശേഖരം ആചാര്യശ്രീ നമുക്കായി തുറന്നു തരുന്നത്.ആർഷ ഋഷി പരമ്പര അനുഭവത്തിന്റെ അച്ചിൽ വാർത്തെടുത്ത പദ്ധതികൾ നമ്മുടെ അല്പകാലത്തെ പഠനം കൊണ്ടു എങ്ങനെ സ്വായത്തമാക്കാൻ കഴിയും എന്നൊക്കെ പലരും ചോദിച്ചു കേൾക്കാറുണ്ട്. അതിനൊക്കെ ഉള്ള മറുപടി കൂടെ ആണ് ഈ രചന.
ഉപരിപ്ലവമായ വായനയുടെയും ഉള്ളറിവു നഷ്ടപ്പെട്ട ആചാരവിചാരങ്ങളുടെയും സംഭാവനയായി കിട്ടിയ കാഴ്ചപ്പാടുകൾ കൊണ്ട്,നമുക്ക് പൈതൃകമായി ലഭിച്ച വലിയൊരു നിധി ശേഖരം കൈവശം ഉണ്ടായിട്ടും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും കുടുംബജീവിതത്തിലും പരാജയപ്പെടുന്ന ഒരു തലമുറയെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.
ആത്മവിശ്വാസത്തെക്കുറിച്ചും ആത്മബലത്തെക്കുറിച്ചും ഒക്കെ ചിന്തിക്കുന്ന ഇടങ്ങളിൽ ആചാര്യൻ മന്ത്രങ്ങളുടെ ,മന്ത്ര ശക്തി അർത്ഥ ശക്തി,വിചാര ശക്തി എന്നിവയെക്കുറിച്ചു പറഞ്ഞു തരുന്നു. അതായത് മന്ത്രങ്ങളുടെ ഗുണ കർമ്മ സ്വഭാവങ്ങൾ തിരിച്ചറിയുന്ന ഉപാസനാ പദ്ധതികൾ ...
അതേ, വേദ മന്ത്രങ്ങളുടെ ശരിയായ അർത്ഥതലത്തെ അറിഞ്ഞ് ഉപാസിക്കാനും സാക്ഷാത്കരിക്കാനും അങ്ങനെ ജീവിത വിജയം കൈവരിക്കാനും ഈ ഗ്രന്ഥം ഏറെ പ്രയോജനം ചെയ്യും.
ശാസ്ത്രജ്ഞന്മാർ തൊട്ടു സാധാരണക്കാർ വരെ ആർക്കും പ്രയോജനപ്പെടുത്താവുന്ന ലോകോത്തര നിലവാരത്തിലുള്ള , വ്യക്തി വികാസത്തിന്റെ സമഗ്ര വീക്ഷണമായിട്ടാണ്  ഇവിടെ മന്ത്ര അർത്ഥ ദർശനം  അവിഷ്കരിക്കപ്പെട്ടിട്ടുള്ളത്.
ആചാര്യശ്രീ എഴുതിയ പുസ്തകങ്ങളിൽ ഏറ്റവും അവശ്യം വായിച്ചിരിക്കേണ്ട പുസ്തകമെന്നാണ് എന്റെ എളിയ വായനാനുഭവം കൊണ്ട് ഞാൻ മനസ്സിലാക്കിയത്.
കാരണം പലരും എപ്പോഴും ചോദിക്കുന്ന ചോദ്യം ആണ് വേദം എല്ലാവർക്കും വഴങ്ങുമോ മനസിലാകുമോ എന്നൊക്കെ .അത്തരം സംശയങ്ങൾക്കുള്ള മറുപടി  പാഠ്യ രൂപേണ , പാഠന രൂപേണ വളരെ സരളമായി കൊടുത്തിരിക്കുന്നു.
എല്ലാ ജ്ഞാനവും ഈശ്വര ജ്ഞാനമല്ല. എന്നാൽ ജ്ഞാനത്തിലൂടെ മാത്രമേ ഈശ്വരനെ സാക്ഷാത്കരിക്കാൻ സാധിക്കൂ. ഈശ്വരനെ വിശ്വസിക്കുന്നതിലുപരി ഈശ്വര അനുഭവത്തെ പ്രധാനം ചെയ്യുന്ന മന്ത്ര സാക്ഷാത്കാരമാണ് അതിനു ഋഷിമാർ നൽകിയിട്ടുള്ള മാർഗനിർദേശം . ജ്ഞാന കർമ്മ ഉപാസനാ കാണ്ഡങ്ങൾ എപ്രകാരം ജീവിത വിജയത്തിന് ഉപകരിക്കും എന്ന വൈദിക ദർശനതത്വ വിവക്ഷ ആണ് ഈ ഗ്രന്ഥത്തിൽ ഉടനീളം . ആ മന്ത്ര ദർശന പദ്ധതികളായ ജപ തപ സ്വാധ്യായ , സ്തുതി ,ഈശ്വര പ്രാർത്ഥനാ, ഉപാസന എന്നിങ്ങനെ മന്ത്രത്തിന്റെ ആത്മസ്വരൂപ ദർശനം സാധ്യമാക്കുന്ന വിവിധ പദ്ധതികൾ വളരെ ലളിതമായി തന്നെ ആചാര്യശ്രീ നൽകിയിരിക്കുന്നു.
രമ്യ അജിത്ത്

Comments